Wednesday, November 28, 2012


സാധാരണക്കാരന്റെ പേര്  ഒരു മാധ്യമത്തില്‍  അച്ചടിച്ചു വരുന്നത്  ചരമ കൊളത്തില്‍ മാത്രമായിരുന്നു  അടുത്ത കാലംവരെ .ഊന്നി  പറയാനും  ചൂണ്ടി  കാണിക്കാനും , ഞെട്ടല്‍  രേഖപ്പെടുത്താനും  ഒക്കെ ഉള്ള അവസരം വലിയ രാക്ഷ്ട്രീയക്കാര്ക്കും , ബുദ്ധിജീവികള്‍ക്കും  മാത്രം ഉണ്ടായിരുന്ന ഒരു സഭാഗ്യവുമായിരുന്നു . ഈ പറഞ്ഞ കുത്തക  അവകാശങ്ങളാണ് നമ്മുടെ ബ്ലോഗിനിഗും ട്വീട്ടിങ്ങും പിന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌  ഉം കൂടെ കയറി ഇടിച്ചിട്ടത് . 
മേലെ പറഞ്ഞ ജീവികള്‍ക്ക് ഒക്കെ പറഞ്ഞത് തിരുത്തി പറയാനും , പിന്‍വലിക്കാനും , ഖേദം പ്രകടിപ്പിക്കാനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു . ഈ സൗകര്യങ്ങള്‍  ഇനി എന്നാണോ , സാധാരണക്കാര്‍ക്ക് കിട്ടുന്നത് . പ്രസ്ത്താവന പിന്‍വലിച്ചു , ഖേദം പ്രകടിപ്പിക്കാന്‍ ഉള്ള സൗകര്യം ,സാധാരണക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ , ഫേസ് ബുക്ക്‌ കമന്റ്‌ കാരണം ആ പിള്ളേരെ പിടിച്ചു അകത്തു ഇടേണ്ട ആവശ്യം വരുമായിരുന്നോ ?
ഇനി എന്നാണോ ഫേസ് ബുക്ക്‌ "ഖേദം " എന്നൊരു സംഭവം തുടങ്ങുന്നത് , ലൈക്‌ പോലെ :)

ജോലി ചെയിതു മടുത്തു . ജോലി ചെയ്യാതെ ജീവിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ  എന്നാണ്‌ ഞാന്‍ ഇപ്പൊ അന്വേഷിക്കുന്നത്.ചിലര്‍ക്ക് ജോലി ഒരു ഹോബി ആണ് . ചിലര്‍ക്ക് അത് ഒരു ഭാരവും . ജോലി ആസ്വദിക്കുന്നവരും ചില പരിതസ്ഥിധികളില്‍ ജോലിയെ വെറുക്കാന്‍ തുടങ്ങും.ഞാന്‍ ഇപ്പൊ അങ്ങിനെ ഒരു അവസ്ഥയില്‍ ആണ് . എന്തായാലും ഞാന്‍ ഇതിനെ കുറിച്ച് അഗാധമായി പഠിക്കാന്‍ തീരുമാനിച്ചു .അടുത്ത് തന്നെ "ജോലി സ്ഥലത്തെ കൂതറകള്‍ " എന്ന ഒരു ബ്ലോഗ്‌ ഞാന്‍ എഴുതിയാല്‍ ആരും ഞെട്ടരുത്. 

Wednesday, November 21, 2012

തട്ടതിന്‍ മറയത്തു

കഴിഞ്ഞ ദിവസം തട്ടതിന്‍ മറയത്തു കണ്ടു . കഥയല്ല അവതരണം ആണ് പ്രധാനം എന്നതിന്റെ ഉത്തമ ഉദാഹരണം.വളരെ മനോഹരമായ ഒരു അനുഭവം ആയിരുന്നു .സിനിമ പാട്ടായാല്‍  ഒരു 10 മിനിറ്റ് എങ്കിലും ഉണ്ടാവണം , കടിച്ചാല്‍  പൊട്ടാത്ത കുറെ വാക്കുകള്‍ വേണം , ഇങ്ങിനെ ഒക്കെ ഉള്ള കുറെ നാട്ടു നടപ്പുകളും ഇതില്‍ കണ്ടില്ല .രണ്ടോ മൂന്നോ വരി പാട്ടുകള്‍ ,  വേണ്ട  സമയത്ത് . അതാണ്‌ എന്നെ ആകര്ചിച്ച വേറെ ഒരു കാര്യം .
 ഇനിയും ഇങ്ങിനെ നല്ല സിനിമകള്‍  ധാരാളമായി ഉണ്ടാവട്ടെ . 

Monday, January 28, 2008

അവ്യക്തമായ ചില കുട്ടിക്കാല ഓര്‍മ്മകള്‍

ഞങ്ങളുടെ പഴയ വീടിനു ചുറ്റും ഞാന്‍ പിച്ച വച്ചു നടക്കുന്ന ഒരു അവ്യക്തമായ ഓര്‍മ്മ എനിക്കു ഇടക്ക്‌ ഉണ്ടാവാറുണ്ട്‌. എത്ര വയസ്സുമുതല്‍ കുട്ടികള്‍ സംഭവങ്ങള്‍ ഓര്‍ത്ത്‌ വെക്കാന്‍ പ്രാപ്തരാവും എന്ന് ഞാന്‍ തന്നെ എന്നൊട്‌ പണ്ടെങ്ങൊ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ അവ്യക്തമായ ഒരു ഓര്‍മ്മ.ചേട്ടനോട്‌ ചൊദിച്ച്‌ കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുകയും ചെയിതു.

എന്റെ മനസ്സില്‍ വരുന്ന ഏറ്റവും പഴയ ഓര്‍മ്മയാണത്‌, എനിക്ക്‌ ഈകദേശ്ശം 2.5 വയസ്സുള്ളപ്പോള്‍ നടന്ന കാര്യം. ഞങ്ങളുടേത്‌ ഒരു പഴയ വീടായിരുന്നു [ ഇപ്പൊ അടുത്തു തന്നെ വേറൊരു വീടു വച്ചു]. പഴയവീട്‌ എന്നു പറഞ്ഞാല്‍ ഇപ്പൊ ആ വീടിനു ഏകദേശ്ശം 80 വര്‍ഷം പഴക്കം കാണും.വീടിനെ ചുറ്റുന്ന മുറ്റം ഉണ്ടായിരുന്ന, മച്ചിട്ട, കുമ്മായവും വെട്ടുകല്ലും കൊണ്ടു നിര്‍മ്മിച്ച, തറ ചിരട്ട കരിയും സിമന്റും കൂട്ടി കുഴച്ചു കണ്ണാടി പോലാക്കിയ ഒരു പഴയകാല വീട്‌.

മുന്‍പില്‍ ഒരു വരാന്ത, തടി കൊണ്ടുളള തൂണുകള്‍, ആ തൂണുകളെ ചേര്‍ത്ത്‌ ഇട്ടിരുന്ന ഒരു തടി തട്ടിക. [തട്ടിക എന്നാല്‍, ഒരു കര്‍ട്ടന്‍ തന്നെ], പിന്നെ ഫര്‍ണിച്ചര്‍ ആയിട്ടു വരാന്തയില്‍ ഒരു വലിയ ചാരു ബഞ്ച്‌. ഈ വരാന്തയും തട്ടികയും കഴിഞ്ഞാല്‍ അതിനപ്പുറം ഒരു ഇളം തിണ്ണ, അതിനപ്പുറം മുറ്റം. ഇതായിരുന്നു പഴയ വീടിന്റെ ഒരു ആര്‍ക്കിറ്റെക്ചര്‍.

വീടിനു ചുറ്റും നടന്നത്‌ ഓര്‍ത്തിരിക്കാന്‍ കാരണം, എനിക്ക്‌ ഏകദേശ്ശം 2.5 വയസ്സ്‌ ഉള്ളപ്പോള്‍ , പുത്തന്‍പുര എന്നു ഞങ്ങള്‍ വിളിക്കുന്ന ഒരു പുതിയ ഭാഗം വീടിനോട്‌ ചേര്‍ത്ത്‌ പണിതു. പിന്നെ വീടിനു ചുറ്റും നടക്കുവാന്‍ സാധിക്കുമായിരുന്നില്ല.

പുത്തന്‍ പുര പണിയുന്നത്‌ ഒരു ബാലന്‍ പണിക്കനും ഒരു ദാമോദരന്‍ പണിക്കനും കൂടെ ആയിരുന്നു. ഒരാള്‍ കല്ല് പണിയുടെ മേസ്തിരി മറ്റേയാള്‍ പെരും തച്ചന്‍.ഇവര്‍ പുര പണിയുന്നത്‌ കുട്ടിയായ ഞാന്‍ കൗതുകത്തോടെ നോക്കി കാണാറുണ്ടായിരുന്നു, ഒത്തിരി സംശയങ്ങളും ഞാന്‍ ചോദിച്ചിട്ടുണ്ടാവും ഉറപ്പ്‌. അതില്‍ മാസ്റ്റര്‍ പീസ്സ്‌ എന്നൊക്കെ പറയാവുന്ന ഒരു സംശയവും, അതിനു എന്റെ ഒരു അങ്കിള്‍ [ഹിപ്പി അച്ചാച്ചന്‍] തന്ന മറുപടിയും എല്ലാവരും ഇന്നും ഓര്‍ത്ത്‌ ചിരിക്കാറുണ്ട്‌. പുര പണി ഒക്കെ തീരാറായ സമയം.ദാമോദരന്‍ പണിക്കന്‍ വീടിന്റെ മുകളില്‍ കയറി ഇരുന്ന് ഓട്‌ മേയുകയാണ്‌. ഞാന്‍ അപ്പൊള്‍ ഞാന്‍ ഹിപ്പി അച്ചാചനോട്‌ ചൊദിച്ചു, ഓടൊക്കെ മേഞ്ഞു കഴിയുമ്പൊള്‍ പണിക്കന്‍ എങ്ങിനെ താഴെ ഇറങ്ങും? ന്യായമായ ഒരു ചോദ്യം, കാരണം ഓട്‌ മുഴുവന്‍ മൂടി കഴിഞ്ഞാല്‍ പിന്നെ ഇറങ്ങാന്‍ എന്തു മാര്‍ഗ്ഗം?. ഹിപ്പി പെട്ടെന്നു മറുപടി തന്നു. മോനെ, പണിക്കനെ അതു കഴിയുമ്പൊള്‍ നമ്മള്‍ കല്ലു വച്ചു എറിഞ്ഞു താഴെ വീഴ്‌ത്തണം, അല്ലെങ്കില്‍ പാവം പണിക്കനു വീട്ടില്‍ പോവാന്‍ പറ്റില്ല. എല്ലാവര്‍ക്കും നല്ലതു മാത്രം വരണം എന്നു കൊച്ചു കുട്ടിയയിരുന്നപ്പൊഴും ആഗ്രഹിച്ചിരുന്ന ഞാന്‍ കല്ലിന്റെ ഒരു വലിയ കൂമ്പാരം തന്നെ അവിടെ കൂട്ടി എന്നാണ്‌ കേട്ടിട്ടുള്ളത്‌, എറിഞ്ഞു വീഴ്‌ത്താന്‍ ശ്രമിച്ചൊ എന്ന് വ്യക്തമല്ല. എന്തായാലും ദാമോദരന്‍ പണിക്കന്‍ ഇപ്പൊഴും ജീവനോടെ ഉണ്ട്‌.

മറ്റൊരു സംഭവം, ഞാന്‍ എന്റെ സ്വര്‍ണ്ണ അരഞ്ഞാണം മണലില്‍ കുഴിച്ചിട്ടതാണ്‌.വീട്‌ പണിയോട്‌ അനുബന്ദിച്ച്‌ മുറ്റത്ത്‌ കുറച്ച്‌ മണല്‍ കിടപ്പുണ്ടായിരുന്നു. അരഞ്ഞാണം കാണാതായപ്പോള്‍ ആരോ ചോദിച്ചതു കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ആ സത്ത്യം വെളിപ്പെറ്റുത്തിയത്‌. സ്വര്‍ണ്ണത്തിന്റെ ഒരു മരം മണലില്‍ മുളച്ചു പൊങ്ങി കഴിയുമ്പോള്‍ വീട്ടുകാര്‍ക്ക്‌ ഒരു സര്‍പ്രൈസ്സ്‌ ആവട്ടെ എന്നു കരുതി ഞാന്‍ സംഭവം ആരോടും പറഞ്ഞില്ലാരുന്നു.

Wednesday, January 23, 2008

എന്താണ്‌ H S M P - ( Highly Skilled Migrant Programme)

ഞാന്‍ അടുത്തയിടെ ഒരു NRI ആയിമാറിയ കാര്യം പറഞ്ഞല്ലോ.എങ്ങിനെ ഞാന്‍ ഇവിടെ എത്തി എന്നു എഴുതി ഇട്ടെക്കാം എന്ന് വിചാരിക്കുന്നു.കുറച്ച്‌ ആളുകള്‍ക്ക്‌ സഹായം ആയാല്‍ ആകട്ടെ.എന്റെ ഒത്തിരി പരിചയക്കാര്‍ ഇതിനെകുറിച്ച്‌ പല സംശയങ്ങളും ചോദിക്കാറുണ്ട്‌, എല്ലാവര്‍ക്കും ഞാന്‍ വിശദമായി പറഞ്ഞും കൊടുക്കാറുണ്ട്‌.

നമ്മുടെ രാജ്യത്ത്‌ ഇത്രയും കാലം ജോലി ചെയിതുകഴിഞ്ഞപ്പോള്‍ എനിക്കു താഴെപ്പറയുന്ന രണ്ട്‌ കാര്യങ്ങള്‍ മനസ്സിലായി.

1] എത്ര കാലം ജോലി ചെയിതാലും, കയ്യില്‍ മിച്ചം ഒന്നും വരില്ല.
2] മാനേജര്‍ എന്ന ജീവിക്ക്‌ ഒരിക്കലും വിവരം വെയിക്കില്ല.

മൂന്ന് വര്‍ഷം കഷ്ടിച്ച്‌ എക്സ്‌പിരിയന്‍സ്സ്‌ ആയാല്‍ എല്ലവരും സ്വയം മാനേജര്‍ ആയി പ്രഖ്യാപിക്കുന്ന നമ്മുടെ നാട്ടില്‍, മാനേജര്‍മാരുടെ എണ്ണം ഇനിയും കൂടാനെ വഴിയുള്ളു.ഈ തിരിച്ചറിവുകളാണ്‌ നാടുവിടാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

മുകളില്‍ പറഞ്ഞ പ്ര്ശ്നങ്ങള്‍ക്ക്‌ എല്ലാം ഇവിടെ പരിഹാരങ്ങള്‍ ഉണ്ട്‌ താനും. അദ്യമായി, പൈസ്സ, ചിലവ്‌ ഒക്കെ ഉണ്ടെങ്കിലും കുറച്ച്‌ കാശ്ശ്‌ മിച്ചം വരും. പിന്നെ ഇവിടെ എല്ലാവരും മനേജര്‍മാര്‍ അല്ല.അതുകൊണ്ട്‌ ജോലി ചെയ്യണം എന്നു ആഗ്രഹമുള്ളവനു ജോലി ചെയ്യാം. കുറേ കൂടി വ്യക്തമായി പറഞ്ഞാല്‍ ചൊറിയാന്‍ ആരും വരില്ല.

UK ഗവര്‍ണ്‍മന്റ്‌ കുറച്ച്‌ കാലം മുന്‍പ്‌ (എന്റെ അറിവ്‌ ശരിയാണെങ്കില്‍ 2003) പ്രൊഫെഷനലുകള്‍ക്ക്‌ ഇവിടെ വന്ന് ജോലി കണ്ട്‌ പിടിച്ചു ജോലി ചെയ്യാന്‍ പറ്റിയ ഒരു വിസ ക്യറ്റഗറി introduce ചെയിതു. അതാണ്‌ ഈ പറഞ്ഞ HSMP. ഇതു ഒരു പോയിന്റ്‌ സിസ്റ്റം ആണ്‌.നമ്മുടെ വിദ്യഭ്യാസത്തിനും, വയസ്സിനും, കഴിഞ്ഞ 12 മാസത്തെ earning power നും ഒക്കെ പോയിന്റ്‌ ഉണ്ട്‌. എങ്ങിനെ എങ്കിലും 75 പോയിന്റ്‌ സംഘടിപ്പിച്ചാല്‍ നമ്മള്‍ യോഗ്യരായി.

ഇതില്‍ പോയിന്റ്‌ ഇല്ലാത്ത മറ്റൊരു കാര്യം ഉണ്ട്‌. അപേക്ഷിക്കുന്ന ആള്‍ ഒന്നുകില്‍ IELTS പാസ്സായിരിക്കണം, അല്ലെങ്കില്‍ ഡിഗ്രി കോഴ്‌സ്‌ ഇന്‌ഗ്ലീഷില്‍ പഠിച്ചിരിക്കണം.

ഇതിനായി ഇഷ്ടം പോലെ ഓണ്‍ലൈന്‍ HSMP Calculators ഉണ്ട്‌.ഒരെണ്ണം ഇവിടെ കൊടുക്കുന്നു. http://www.workpermit.com/uk/hsmp_calculator.htm

IELTS എഴുതുന്നതൊക്കെ മിനക്കേട്‌ ആയതുകൊണ്ട്‌ ഞാന്‍ ചെയിതതു എന്റെ ഡിഗ്രിയുടെ മീഡിയം ഓഫ്‌ ഇന്‍സ്റ്റ്ര്ക്ഷന്‍ Emglish ആയിരുന്നു എന്നു യൂണിവേര്‍സിറ്റി റജിസ്റ്റാര്‍ -ടെ കയ്യില്‍ നിന്നും യൂണിവേര്‍സിറ്റി ലെറ്റര്‍പാഡില്‍ ഒരു സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി.

എല്ലാവരും ചോദിക്കുന്ന ആദ്യത്തെ ചോദ്യം, consultant നു എത്ര കാശ്ശ്‌ കൊടുത്തു എന്നാണ്‌. ഉത്തരം 5 പൈസ്സ കൊടുത്തില്ല എന്നാണ്‌. കാരണം ഇതു H1 അല്ല. ഇവിടെ consultants ന്‌ ഒരു role-ഉം ഇല്ല.

നമ്മള്‍ eligible അണെങ്കില്‍ www.workpermit.com ഇല്‍ നിന്നും ആപ്പ്‌ളിക്കേഷന്‍ ഫൊം എടുത്തു പൂരിപ്പിക്കുക.Home office UK എന്ന അഡ്രസ്സില്‍ ആപ്പ്‌ളിക്കേഷനും സര്‍ട്ടിഫിക്കറ്റ്‌കളും originals അയക്കുക. ഒരു 20 ദിവസ്സത്തിനകം Home office നമ്മ്മുടെ കാര്യത്തില്‍ തീരുമാനം എടുക്കും. നമ്മള്‍ കൊടുത്തിട്ടുള്ള ഡോക്യുമെന്റ്‌സ്സ്‌ ശരി ആണെങ്കില്‍ തീരുമാനം അനുകൂലം ആയിരിക്കും. Home office സുരക്ഷിതമായി എല്ലാ ഡോക്യുമെന്റ്‌കളും തിരികെ അയച്ചു തരും. ഇതിനു ഒരു പ്രൊസസ്സിംഗ്‌ ഫീസ്സ്‌ ഉണ്ട്‌. അതു 400 ബ്രിട്ടീഷ്‌ പൗണ്ട്‌ ആണ്‌

HSMP കിട്ടികഴിഞ്ഞാല്‍ അടുത്ത ഘട്ടം വിസ സ്റ്റാമ്പ്‌ ചെയ്യിപ്പിക്കുക എന്നതാണ്‌. ഇതിനായും നമ്മള്‍ HSMP ക്കു വേണ്ടി കൊടുത്ത എല്ലാ ഡോക്യുമെന്റ്‌കളും അയച്ചു കൊടുക്കണം.VFS UK ഓഫീസില്‍ ആണ്‌ ഇതെല്ലാം കൊണ്ട്‌ കൊടുക്കീണ്ടത്‌.VAF1 എന്ന application form ഉം പൂരിപ്പിക്കണം. ഇവിടെയും ഉണ്ട്‌ പ്രോസെസ്സിംഗ്‌ ഫീ 17000 ഇന്‍ഡ്യന്‍ രൂപ. വിസ സ്റ്റാമ്പിംഗ്‌ ഒരു മാസം എടുക്കുന്ന ഒരു പ്രോസസ്സ്‌ ആണ്‌.

ഒരു കര്യം മനസ്സില്‍ വച്ചുകൊള്ളുക, ബ്രിട്ടിഷ്‌ കൊണ്‍സുലേറ്റ്‌ നമ്മള്‍ കൊടുക്കുന്ന ഡോക്യുമെന്റ്‌കള്‍ ഒക്കെ ഒറിജിനല്‍ ആണ്‌ എന്ന് ഉറപ്പ്‌ വരുത്തും. ഇതിനായി അവര്‍ integra എന്നൊരു multi-national company - യെ ഇടപാടാക്കിയിട്ടുണ്ട്‌.അവര്‍ ചിലപ്പൊ, നമ്മള്‍ കൊടുക്കുന്ന സാലറി സ്ലിപ്പ്‌ നമ്മുടെ company -യില്‍ അയച്ചു കൊടുത്ത്‌ വേരിഫിക്കേഷന്‍ ഒക്കെ നടത്തിക്കളയും.

എന്നെപോലെ ചിന്തിക്കുന്ന കൂട്ടുകാര്‍ക്കെല്ലാം സ്വാഗതം. ഓള്‍ ദ ബെസ്റ്റ്‌.

പുതു വര്‍ഷം, പുതു രാജ്യം

കൂട്ടുകാരെ, നിങ്ങളില്‍ ചിലരെ എങ്കിലും പോലെ ഞാനും ഒരു പ്രവാസി മലയാളി ആയി.

അങ്ങിനെ പഠനം കഴിഞ്ഞു ആദ്യ നാലു വര്‍ഷം കൊച്ചിയിലും, പിന്നത്തെ നാലു വര്‍ഷം നമ്മ ബാങ്കലൂരും പിന്നെ ഇപ്പൊ ഇവിടെ, സായിപ്പിന്റെ ബ്രിസ്റ്റോളിലും - UK.

കഴിഞ്ഞ കാലം എത്ര സുന്ദരമായിരുന്നു എന്ന് സാഹിത്യപരമായി ഓര്‍ത്തു പോവുന്നു.

ഇവിടെ മാഡിവാലാ ഇല്ല, St. തോമസ്സ്‌ പള്ളി ഇല്ല.അമ്മച്ചി മെസ്സ്‌ ഇല്ല. വലിയ കുറേ റോഡുകളും അതില്‍ നിറയെ കാറുകളും, ആ കാറുകളില്‍ ആരോടോ പിണങ്ങിയെട്ടെന്നപോലെ മുഖം വീര്‍പ്പിച്ചിരിക്കുന്ന ആളുകളും.

ഇവിടെ വന്നു ഒന്ന് സെറ്റപ്പ്‌ ആയി വന്നേയുള്ളു, മനസ്സില്‍ എഴുതണം എന്നു എത്ര ആഗ്രഹം ഉണ്ടെങ്കിലും, സമയവും, ഇന്റര്‍നെറ്റ്‌ കണക്ഷനും ഒക്കെ വേണ്ടേ? കഴിഞ്ഞ ആഴ്ച്ച ദൈവം സമയത്തിന്റെ ആ കുറവു പരിഹരിച്ചു തന്നു, ഒരു ചൂടു പനിയുടെ Chicken Pox രൂപത്തില്‍. ഒരാഴ്ച്ച ആസ്വദിച്ച്‌ കിടപ്പാരുന്നു. ഇഷ്ടം പോലെ സമയം. എണീറ്റ്‌ ഇരിക്കാന്‍ ഉള്ള ആരോഗ്യം ആയപ്പൊ ഒരു ബലന്‍സില്‍ ഇത്രേം ടൈപ്പ്‌ ചെയിത്‌ ഒപ്പിച്ചു.

Tuesday, August 28, 2007

സ്മൊളടി നിര്‍ത്തലിന്റെ ചില ദൂഷ്യ വശങ്ങള്‍

മൂത്രം ചുടീല്‍ എന്ന ഒരു അസുഖത്തെ കൂറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലൊ, കുറച്ചു പേര്‍ എങ്കിലും ഈ അസുഖത്തിന്റെ സുഖം അറിഞ്ഞിട്ടുണ്ടാവുമെന്നും കരുതുന്നു.ഈയുള്ളവനു ഈ അസുഖത്തിനെ ശരിക്കും പരിചയപ്പെടാന്‍ ഒരു അവസരം ലഭിച്ചത്‌ കഴിഞ്ഞ ആഴ്ച്ച ആണു.നമ്മുടെ ഒരു നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും മ്രഗീയവും പൈശ്ശാശികവും ആയ ഒരു അസുഖം ആണു ഇത്‌.

ഈ അസുഖത്തിന്റെ അനിര്‍വചനീയമായ സുഖം ഇപ്പൊഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലക്ക്‌ ഈ അസുഖത്തെ കൂറിച്ച്‌ ഈയുള്ളവന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ കുത്തിക്കുറികട്ടെ.

വല്ലപ്പോഴും അല്‍പ്പം സ്മൊള്‍ അടിക്കുന്ന ഒരു സ്വഭാവം എനിക്കു ഉണ്ട്‌ എന്ന്‌ ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ.കല്ല്യാണം ഒക്കെ കഴിഞ്ഞപ്പൊ എല്ലവരുടേയും കേസ്സില്‍ എന്ന പോലെ എനിക്കും സ്മൊള്‍ അടി കുറകണ്ടതായി വന്നു.മനസ്സമാധാനം അല്ലെ വലുത്‌,സ്മൊള്‍ അടിച്ചു കിട്ടുന്ന സുഖം അല്ലല്ലൊ. അപ്രഖ്യാപിതമായ ഈ സ്മോളടി നിര്‍ത്തലാണു കൂട്ടുകാരെ എന്നെ ഈ നിലയില്‍ എത്തിച്ചത്‌. സ്മൊളിന്റെ കൂടെ കിട്ടിയിരുന്ന വെള്ളം ആവശ്യത്തിനു ഉപയോഗിച്ചിരുന്ന എന്റെ ശരീരത്തിനു പെട്ടെന്നുള്ള ഈ മാറ്റം താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു.

കഴിഞ്ഞ ആഴ്ച്ച, ശരിക്കും പറഞ്ഞാല്‍ നമ്മുടെ സ്വാതന്ത്യ്‌ര ദിനത്തില്‍ എനിക്കു ഒരു സ്റ്റയിലന്‍ പനി വന്നു. കൂട്ടുകാരന്‍ ആയ ഒരു ഡോക്ടറുടെ ഉപദേശപ്ര്കാരം ഞാന്‍ ഒരു പാരാസെറ്റാമോള്‍ കഴിച്ചു ആ പനിയെ കീഴടക്കി. 22 നു ഞാന്‍ ഒരു ലണ്ടന്‍ യാത്ര പ്ലാന്‍ ചെയിതിരുന്ന കൊണ്ടു ഒരു ദിവസ്സം കൂടെ ലീവ്‌ എടുത്തു വീട്ടില്‍ ഇരുന്നു.പിറ്റേ ദിവസ്സം കര്‍മ്മനിരതന്‍ ആയി ഞാന്‍ ഓഫീസ്സിലും പൊയി. വൈകിട്ടു തിരികെ വീട്ടില്‍ എത്തിയപ്പോഴല്ലെ രസ്സം. ആകെപ്പാടെ എന്തോ ഒരു പന്തിയില്ലായ്മ്മ.മൂത്രം ഒഴിക്കാന്‍ നേരം വല്ലാത്ത വേദന. അധികം താമസ്സികാതെ സംഭവം കളര്‍ഫുള്‍ ആയി. മൂത്രത്തിനു ബ്ലഡ്ഡിന്റെ കളര്‍. കുറച്ചു സമയം കൂടി ഞാന്‍ നോക്കി, ഇതു തന്നെ ശരിയാവുമൊ എന്നു. നല്ല കാര്യങ്ങള്‍ നമുക്കു സംഭവിക്കും എന്നും, സംഭവിച്ചു കൊണ്ടേ ഇരിക്കും എന്നും വിശ്വസിക്കാന്‍ ആണല്ലൊ എല്ലാവരും ആഗ്രഹിക്കുന്നത്‌. പക്ഷെ അതൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല കാര്യം കൂടുതല്‍ പരുങ്ങലില്‍ ആവുകയാണു എന്ന്‌ മനസ്സിലാക്കിയ ഞാന്‍ രാത്രി 12 മണിയോടെ ആശ്ശുപത്രിയില്‍ പൊയി. അത്യാഹിത വിഭാഗത്തില്‍ പൊയി ഒരു ഡോക്ടറോട്‌ ഒരു വിധത്തില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസ്സിലാക്കി. (അവസ്സാനം ആണു ഡോക്ടര്‍ മലയാളി ആണെന്നു മനസ്സിലായത്‌.). എനിക്കു ഒരു കുത്തിവെയ്പ്പു തന്നു രോഗ്ഗം പെട്ടെന്നു ശമിപ്പികാന്‍ ഉള്ള എന്റെ അഭ്യര്‍ത്തന ഡോക്ടര്‍ ചെവിക്കൊണ്ടില്ല.ഡോക്ടറേ മനസ്സില്‍ ശപിച്ച്‌ , മരുന്നും വാങ്ങി ഞാന്‍ തിരികെ പോന്നു.ഉറങ്ങാന്‍ കിടന്നാല്‍ വെറുതെ അങ്ങിനെ ഉറങ്ങാന്‍ പറ്റില്ലല്ലോ.അങ്ങിനെ നരകയാതന എന്നാല്‍ എന്താണെന്നു ഞാന്‍ ശരിക്കും മനസ്സിലാക്കി.


സാധാരണ ദാഹിക്കാതെ വെള്ളം കുടിക്കാത്ത ഞാന്‍ അലാറം ഒക്കെ വച്ചു എണീറ്റ്‌ വെള്ളം കുടിക്കാന്‍ തുടങ്ങി.ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന ഞാന്‍ ഒരു ഇന്റര്‍വ്യു അറ്റെണ്ട്‌ ചെയ്യാന്‍ ആണു യു.കെ. യില്‍ വന്നത്‌.വെള്ളം ഒക്കെ ധാരാളം ആയി കുടിച്ചു ഞാന്‍ വിമാനം കയറി. വിമാനയാത്രയുടെ ഒരു പകുതി സമയവും ഞാന്‍ വെള്ളം കുടിയും മൂത്രിക്കലും ആയിരുന്നു.അങ്ങിനെ ഒരു ബാലന്‍സ്സില്‍ ഞാന്‍ വിമാനമിറങ്ങി ലണ്ടനില്‍ താമസ്സിക്കുന്ന എന്റെ ചേട്ടന്റെ വീട്ടില്‍ വന്നു പിന്നെ ഇന്റര്‍വു പ്രിപ്പറേഷന്‍ , വെള്ളം കുടി, മൂത്രിക്കല്‍ ഇതായിരുന്നു എന്റെ അടുത്ത ദിവസത്തെ പ്രോഗ്രാം. അങ്ങിനെ ഇന്റര്‍വ്യു ദിവസ്സം വന്നെത്തി , ഞാന്‍ ഒരു റ്റാക്സ്സി വിളിച്ചു കേംബ്രിഡ്ജിലേക്കു യാത്രയായി.പോകാന്‍ നേരം മറക്കാതെ ഒരു ലിറ്റര്‍ വെള്ളവും കുടിച്ചിട്ടണു വീട്ടില്‍ നിന്നും ഇറങ്ങിയത്‌.

സാദാരണ ജീന്‍സ്സും ഷര്‍ട്ടും ധരിക്കുന്ന എന്നെ ഒരു ടൈ, കോട്ട്‌ ഇതെല്ലാം ധരിപ്പിച്ചാണു ചേട്ടന്‍ ഇന്റര്‍വ്യുവിനു യാത്രയാക്കിയത്‌.ഇനി ടൈ യും കോട്ടും ഇല്ലാത്തതു കൊണ്ടു മാത്രം ജോലി കിട്ടാതെ പോകണ്ട എന്ന് ഞാനും കരുതി. അങ്ങിനെ സ്വന്തം കല്ല്യാണത്തിനുപോലും കൊട്ടും ടൈ യും ധരിച്ചിട്ടില്ലാത്ത ഞാന്‍ അതൊക്കെ ഇട്ടു ശ്വാസം വിടാതെ മാന്യനായി വണ്ടിയില്‍ കയറി. ലണ്ടനില്‍ നിന്നും കേംബ്രിട്ജിലേക്ക്‌ 2 മണിക്കൂര്‍ കാര്‍ യാത്രയാണുള്ളത്‌.

വണ്ടി വിട്ടു കുറച്ചു കഴിഞ്ഞാണു ഞാന്‍ എന്റെ രോഗത്തെ കുറിച്ചും, വീട്ടില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ്‌ വാശിയോടെ വലിച്ചു കുടിച്ച ഒരു ലിറ്റര്‍ വെള്ളത്തെയും കുറിച്ചു ഓര്‍ത്തത്‌.നേരത്തെ പറഞ്ഞതു പോലെ ഇത്തവണയും നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ സീറ്റില്‍ ഉറച്ചിരുന്നു. എങ്കിലും എല്ലാ പൊസ്സിബിലിറ്റിയും നമ്മള്‍ ചിന്തിക്കണമല്ലൊ, ഞാന്‍ കാറില്‍ ഇരുന്നു ചുറ്റും നോക്കി, റോഡില്‍ നിറയെ കാറുകള്‍, നമ്മുടെ നാട്ടീലേപോലെ എവിടെയും മൂത്രിക്കാന്‍ ഉള്ള സൗകര്യം ഈ വികസിത രാജ്യത്ത്‌ ഇല്ല എന്ന സത്ത്യം ഞാന്‍ വളരെ പെട്ടെന്ന് മനസ്സിലാക്കി.

രാവിലെ കുടിച്ച ഒരു ലിറ്റര്‍ വെള്ളം പതുക്കെ ശക്തി പ്രകടനം തുടങ്ങി. ഇടുക്കി ഡാമിന്റെ ഒക്കെ ഒരു സംഭരണ ശേഷിയെ ഞാന്‍ ആരാധനയോടെ ഒരു നിമിഷം ഓര്‍ത്ത്‌ പോയി.ഇനി എത്ര ടൈം എടുക്കും എന്നു ഞാന്‍ ഡ്രൈവറൊട്‌ ചൊദിച്ചു, ഒരു മണിക്കൂര്‍ കൂടെ എടുക്കും എന്നു അങ്ങേര്‍ പറഞ്ഞു. അത്രേം നേരം കാത്തിരുന്നാല്‍ സംഭവം നാറും എന്ന് മനസ്സിലാക്കിയ ഞാന്‍ പോകുന്ന വഴിക്ക്‌ കംഫോര്‍ട്ട്‌ സ്റ്റേഷന്‍സ്സ്‌ വല്ലൊം ഉണ്ടൊ എന്നു ചൊദിച്ചപ്പൊ അയാള്‍ പറഞ്ഞു, എവിടെ എങ്കിലും നിര്‍ത്തിയാല്‍ ചിലപ്പൊ നമ്മള്‍ വൈകും എന്ന്.


മനസ്സിനെ കല്ലുപോലെ ആക്കി ഞാന്‍ സീറ്റില്‍ ഒന്നുകൂടെ ഉറച്ചിരുന്നു.ഞാന്‍ വിചാരിച്ചു ഓഫിസ്സില്‍ എത്തിയാല്‍ ഉടനെ റസ്റ്റ്‌ റൂമില്‍ പൊയേക്കാം എന്ന്. പക്ഷെ അവിടെയും ഒരു പ്രശ്നം. ഇന്റര്‍വ്യുനു ചെല്ലുന്ന ഒരു ഓഫിസ്സില്‍ ഓടിക്കയറിച്ചെന്ന് റസ്റ്റ്‌ റൂം എവിടെ എന്നു ചോദിക്കാന്‍ പറ്റുമോ? വേറെ എന്തെക്കിലും ചോദിക്കാന്‍ നിന്നാല്‍ സംഭവം വഷളാവും. ജീന്‍സ്സും ടീ-ഷര്‍ട്ടും അല്ല ഇട്ടേക്കുന്നത്‌, ടൈയും കോട്ടും ആണു. ഞാന്‍ ദൈവത്തെ മനസ്സില്‍ വിളിച്ചു അപേക്ഷിക്കാന്‍ തുടങ്ങി.ഭാഗ്യം എന്നൊ, ദൈവാനുഗ്രഹം എന്നൊ എന്താണു പറയണ്ടതു എന്നറിയില്ല, ഞാന്‍ ഒരു പെട്രോള്‍ സ്റ്റേഷന്‍ കണ്ടു.ഡ്രൈവറോട്‌ അവിടെ വണ്ടി നിര്‍ത്താന്‍ പറഞ്ഞ്‌ ഞാന്‍ ഓടി പെട്രൊള്‍ സ്റ്റേഷനില്‍ ഉള്ള സ്റ്റോറില്‍ കയറി, അവിടെ നിന്ന മദാമ്മയോട്‌ ഒരു വിധത്തില്‍ റസ്റ്റ്‌ റൂം എവിടെ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു, അവിടെ അങ്ങിനെ ഒരു സംഭവം ഇല്ല, റോഡിന്റെ അപ്പുറം ഉള്ള സ്റ്റോറില്‍ റസ്റ്റ്‌ റൂം ഉണ്ട്‌ എന്ന്. വളരെ പ്രതിക്ഷയോടെ ഓടി പുറത്തിറങ്ങിയ ഞാന്‍ റോഡിന്റെ അപ്പുറത്തുള്ള സ്റ്റോര്‍ അങ്ങ്‌ വലിയ ഒരു പാര്‍ക്കിങ്ങ്ന്റെ അപ്പുറത്ത്‌ കണ്ടു.ഒരു അര കിലോമീറ്റര്‍ എങ്കിലും ദൂരം കാണും അങ്ങൊട്ട്‌. ഒരു 5 സെക്കണ്ട്‌ കൊണ്ട്‌ ഞാന്‍ ആ കടയില്‍ എത്തിക്കാണും.(നമ്മുടെ അത്ലെറ്റുകള്‍ ഒക്കെ ഇങ്ങിനെ പ്രാക്ടീസ്സ്‌ ചെയിതിരുന്നേല്‍ എല്ലാ ഒളിമ്പിക്സ്‌ മെടലുകളും ഇന്ത്യക്ക്‌ കിട്ടിയേനെ).


അങ്ങിനെ ഒരു ദീര്‍ഗ്ഗ നിശ്വാസ്സ്ത്തോടെ ഞാന്‍ തിരിച്ചു വണ്ടിയില്‍ കയറി. ഇത്രക്കു സ്പീടില്‍ ഓടാന്‍ പറ്റുന്ന ഇവന്‍ എന്തിനാ റ്റാക്സി വിളിച്ചതു എന്ന ഭാവത്തില്‍ ഡ്രൈവര്‍ എന്നെ നോക്കുന്നു. അങ്ങിനെ ഒരു വിധത്തില്‍ ഞാന്‍ രക്ഷപെട്ടു എന്റെ പ്രിയ സുഹ്രത്തുക്കളെ.എന്ത്‌ പ്രശ്ശ്നത്തേയും നേരിടാന്‍ ഉള്ള കെല്‍പ്പ്‌ എനിക്കു ഉണ്ട്‌ എന്ന ഒരു ആത്മവിശ്വാസം എന്നില്‍ ഈ പറഞ്ഞ സംഭവം ഉണ്ടാക്കി. അതു കൊണ്ട്‌ ഇന്റര്‍വ്യു നന്നായി ചെയ്യാനും പറ്റി.


ഒരു ഉപദേശ്ശം, സ്മൊളടി നിര്‍ത്തിയാലും, സ്മൊളില്‍ ഒഴിച്ചു കഴിക്കുന്ന വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം.

ഒഹ്‌ മറന്നു, അടുത്ത ഗ്ലാസ്സ്‌ വെള്ളം കുടിക്കാന്‍ സമയമായി.