Monday, January 28, 2008

അവ്യക്തമായ ചില കുട്ടിക്കാല ഓര്‍മ്മകള്‍

ഞങ്ങളുടെ പഴയ വീടിനു ചുറ്റും ഞാന്‍ പിച്ച വച്ചു നടക്കുന്ന ഒരു അവ്യക്തമായ ഓര്‍മ്മ എനിക്കു ഇടക്ക്‌ ഉണ്ടാവാറുണ്ട്‌. എത്ര വയസ്സുമുതല്‍ കുട്ടികള്‍ സംഭവങ്ങള്‍ ഓര്‍ത്ത്‌ വെക്കാന്‍ പ്രാപ്തരാവും എന്ന് ഞാന്‍ തന്നെ എന്നൊട്‌ പണ്ടെങ്ങൊ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ അവ്യക്തമായ ഒരു ഓര്‍മ്മ.ചേട്ടനോട്‌ ചൊദിച്ച്‌ കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുകയും ചെയിതു.

എന്റെ മനസ്സില്‍ വരുന്ന ഏറ്റവും പഴയ ഓര്‍മ്മയാണത്‌, എനിക്ക്‌ ഈകദേശ്ശം 2.5 വയസ്സുള്ളപ്പോള്‍ നടന്ന കാര്യം. ഞങ്ങളുടേത്‌ ഒരു പഴയ വീടായിരുന്നു [ ഇപ്പൊ അടുത്തു തന്നെ വേറൊരു വീടു വച്ചു]. പഴയവീട്‌ എന്നു പറഞ്ഞാല്‍ ഇപ്പൊ ആ വീടിനു ഏകദേശ്ശം 80 വര്‍ഷം പഴക്കം കാണും.വീടിനെ ചുറ്റുന്ന മുറ്റം ഉണ്ടായിരുന്ന, മച്ചിട്ട, കുമ്മായവും വെട്ടുകല്ലും കൊണ്ടു നിര്‍മ്മിച്ച, തറ ചിരട്ട കരിയും സിമന്റും കൂട്ടി കുഴച്ചു കണ്ണാടി പോലാക്കിയ ഒരു പഴയകാല വീട്‌.

മുന്‍പില്‍ ഒരു വരാന്ത, തടി കൊണ്ടുളള തൂണുകള്‍, ആ തൂണുകളെ ചേര്‍ത്ത്‌ ഇട്ടിരുന്ന ഒരു തടി തട്ടിക. [തട്ടിക എന്നാല്‍, ഒരു കര്‍ട്ടന്‍ തന്നെ], പിന്നെ ഫര്‍ണിച്ചര്‍ ആയിട്ടു വരാന്തയില്‍ ഒരു വലിയ ചാരു ബഞ്ച്‌. ഈ വരാന്തയും തട്ടികയും കഴിഞ്ഞാല്‍ അതിനപ്പുറം ഒരു ഇളം തിണ്ണ, അതിനപ്പുറം മുറ്റം. ഇതായിരുന്നു പഴയ വീടിന്റെ ഒരു ആര്‍ക്കിറ്റെക്ചര്‍.

വീടിനു ചുറ്റും നടന്നത്‌ ഓര്‍ത്തിരിക്കാന്‍ കാരണം, എനിക്ക്‌ ഏകദേശ്ശം 2.5 വയസ്സ്‌ ഉള്ളപ്പോള്‍ , പുത്തന്‍പുര എന്നു ഞങ്ങള്‍ വിളിക്കുന്ന ഒരു പുതിയ ഭാഗം വീടിനോട്‌ ചേര്‍ത്ത്‌ പണിതു. പിന്നെ വീടിനു ചുറ്റും നടക്കുവാന്‍ സാധിക്കുമായിരുന്നില്ല.

പുത്തന്‍ പുര പണിയുന്നത്‌ ഒരു ബാലന്‍ പണിക്കനും ഒരു ദാമോദരന്‍ പണിക്കനും കൂടെ ആയിരുന്നു. ഒരാള്‍ കല്ല് പണിയുടെ മേസ്തിരി മറ്റേയാള്‍ പെരും തച്ചന്‍.ഇവര്‍ പുര പണിയുന്നത്‌ കുട്ടിയായ ഞാന്‍ കൗതുകത്തോടെ നോക്കി കാണാറുണ്ടായിരുന്നു, ഒത്തിരി സംശയങ്ങളും ഞാന്‍ ചോദിച്ചിട്ടുണ്ടാവും ഉറപ്പ്‌. അതില്‍ മാസ്റ്റര്‍ പീസ്സ്‌ എന്നൊക്കെ പറയാവുന്ന ഒരു സംശയവും, അതിനു എന്റെ ഒരു അങ്കിള്‍ [ഹിപ്പി അച്ചാച്ചന്‍] തന്ന മറുപടിയും എല്ലാവരും ഇന്നും ഓര്‍ത്ത്‌ ചിരിക്കാറുണ്ട്‌. പുര പണി ഒക്കെ തീരാറായ സമയം.ദാമോദരന്‍ പണിക്കന്‍ വീടിന്റെ മുകളില്‍ കയറി ഇരുന്ന് ഓട്‌ മേയുകയാണ്‌. ഞാന്‍ അപ്പൊള്‍ ഞാന്‍ ഹിപ്പി അച്ചാചനോട്‌ ചൊദിച്ചു, ഓടൊക്കെ മേഞ്ഞു കഴിയുമ്പൊള്‍ പണിക്കന്‍ എങ്ങിനെ താഴെ ഇറങ്ങും? ന്യായമായ ഒരു ചോദ്യം, കാരണം ഓട്‌ മുഴുവന്‍ മൂടി കഴിഞ്ഞാല്‍ പിന്നെ ഇറങ്ങാന്‍ എന്തു മാര്‍ഗ്ഗം?. ഹിപ്പി പെട്ടെന്നു മറുപടി തന്നു. മോനെ, പണിക്കനെ അതു കഴിയുമ്പൊള്‍ നമ്മള്‍ കല്ലു വച്ചു എറിഞ്ഞു താഴെ വീഴ്‌ത്തണം, അല്ലെങ്കില്‍ പാവം പണിക്കനു വീട്ടില്‍ പോവാന്‍ പറ്റില്ല. എല്ലാവര്‍ക്കും നല്ലതു മാത്രം വരണം എന്നു കൊച്ചു കുട്ടിയയിരുന്നപ്പൊഴും ആഗ്രഹിച്ചിരുന്ന ഞാന്‍ കല്ലിന്റെ ഒരു വലിയ കൂമ്പാരം തന്നെ അവിടെ കൂട്ടി എന്നാണ്‌ കേട്ടിട്ടുള്ളത്‌, എറിഞ്ഞു വീഴ്‌ത്താന്‍ ശ്രമിച്ചൊ എന്ന് വ്യക്തമല്ല. എന്തായാലും ദാമോദരന്‍ പണിക്കന്‍ ഇപ്പൊഴും ജീവനോടെ ഉണ്ട്‌.

മറ്റൊരു സംഭവം, ഞാന്‍ എന്റെ സ്വര്‍ണ്ണ അരഞ്ഞാണം മണലില്‍ കുഴിച്ചിട്ടതാണ്‌.വീട്‌ പണിയോട്‌ അനുബന്ദിച്ച്‌ മുറ്റത്ത്‌ കുറച്ച്‌ മണല്‍ കിടപ്പുണ്ടായിരുന്നു. അരഞ്ഞാണം കാണാതായപ്പോള്‍ ആരോ ചോദിച്ചതു കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ആ സത്ത്യം വെളിപ്പെറ്റുത്തിയത്‌. സ്വര്‍ണ്ണത്തിന്റെ ഒരു മരം മണലില്‍ മുളച്ചു പൊങ്ങി കഴിയുമ്പോള്‍ വീട്ടുകാര്‍ക്ക്‌ ഒരു സര്‍പ്രൈസ്സ്‌ ആവട്ടെ എന്നു കരുതി ഞാന്‍ സംഭവം ആരോടും പറഞ്ഞില്ലാരുന്നു.

1 comment:

siva // ശിവ said...

കുട്ടിക്കാലം എന്തു സുന്ദരം അല്ലേ.....