Wednesday, August 1, 2007

ഞാന്‍ എന്ന സംഭവം.

ഇടുക്കി ജില്ലയിലെ തൊടുപുഴ എന്ന മലയോര പട്ടണത്തില്‍ നിന്നും വരുന്നു। ആളുകള്‍ക്ക്‌ മനസ്സിലാകാന്‍ ആയി തൊടുപുഴ എന്നു പറഞ്ഞു എന്നേ ഉള്ളു, ശരിക്കും തൊടുപുഴ നിന്നും ഒരു 11 കി. മീ അകലെ ഉള്ള കരിമണ്ണൂര്‍ എന്ന കുഗ്രാമം ആണു ഈയുള്ളവന്റെ ദേശ്ശം.

പണ്ടു മുതലേ പള്ളി, പള്ളികൂടം ഒന്നും എനിക്കു വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല। സ്വമനസ്സാലെ ഞാന്‍ പള്ളികൂടത്തില്‍ പൊയിട്ടേ ഇല്ല.എന്നും പപ്പക്ക്‌ പറമ്പിനു രണ്ടു വട്ടം ഓടാന്‍ ഉള്ള അവസരം ഞാന്‍ ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. പപ്പയുടെ കയ്യില്‍ ഒരു വടിയും കാണും. മുന്നില്‍ ഞാനും പുറകെ പപ്പയും. അങ്ങിനെ രാവിലെ ജോഗിംഗ്‌ കഴിഞ്ഞാല്‍ എന്നെ പിടിച്ച്‌ കുളിപ്പിക്കും, പിന്നെ സ്കൂള്‍ ബാഗ്‌ ഒക്കെ എടുത്തു പപ്പ എന്നെ സ്കൂളില്‍ കൊണ്ടു വിടും.അങ്ങിനെ ഞാന്‍ കാരണം പപ്പക്കു വ്യായാമവും വിദ്യാഭ്യാസവും യദേഷ്ട്ം ലഭിച്ചു പോന്നു.പപ്പ അന്നു വടിയും പിടിച്ചു എന്റെ പിറകെ ഓടിയ ഓട്ടം ഒളിമ്പിക്സില്‍ വല്ലോം ആയിരുന്നേല്‍ ഇന്ത്യക്കു പണ്ടേ ഒളിമ്പിക്സ്‌ സ്വര്‍ണ്ണം കിട്ടിയേനെ. ചിലപ്പോള്‍ ദുഷ്ടന്മാര്‍ ആയ ചില അയല്‍പ്പക്കകാര്‍ പപ്പയുടെ ഈ വ്യായാമം മുടക്കാറും ഉണ്ടായിരുന്നു(അവര്‍ വട്ടം കേറി നിന്നു എന്നെ പിടിച്ചു കൊടുക്കുമായിരുന്നു.... നല്ലവരായ എന്റെ അയല്‍ക്കാര്‍)

വെറുതേ മനുഷ്യന്റെ സമയം മെനക്കെടുത്താന്‍ ഉള്ള ഒരോ പരിപാടികള്‍। രാവിലെ എണീക്കണം, കുളിക്കണം പള്ളികൂടത്തില്‍ പൊണം. മോഹന്‍ലാല്‍ സ്റ്റൈലില്‍ "ഏന്ത്‌ എന്ത്‌ എന്തിനു" എന്നു ഞാന്‍ അന്നേ സ്വയം ചോദിക്കാറുണ്ടായിരുന്നു. പക്ഷേ അങ്ങിനെ ഒക്കെ ചോദിക്കാന്‍ ഉള്ള ചങ്കൂറ്റം അന്നു ഉണ്ടായിരുന്നില്ല. കാരണം, വീട്ടിന്റെ തൊട്ട്‌ താഴെ നില്‍ക്കുന്ന പുളി, തഴച്ചു വളരുന്ന ഒരു പുല്ലാന്തി ഇതില്‍ രണ്ടിലും എത്ര വെട്ടി എടുത്താലും തീരാത്തത്ര വടികള്‍. പുളി ഒരു വലിയ മരം ആയതിനാല്‍ വെട്ടി കളയാന്‍ പറ്റിലായിരുന്നു. പുല്ലാന്തി ഒരിക്കല്‍ വെട്ടി നോക്കി, പുളി വടി മാത്രം കൊണ്ടു തുടയേ ശീലിപ്പിച്ചാല്‍ ഭാവിയില്‍ എങ്ങാന്‍ വെദന കുറഞ്ഞാലൊ? പക്ഷേ പണ്ടാരം വെട്ടി കുറേ നാള്‍ കഴിഞ്ഞപ്പോ ഇരട്ടി ശക്തിയില്‍ കേറി വരുന്നു.

പള്ളീല്‍ പോകുന്നതും പള്ളികൂടത്തില്‍ പോകുന്നതും ഒഴിവാക്കാന്‍ ഞാന്‍ സ്വീകരിച്ചിരുന്ന സാഹസിക മാര്‍ഗ്ഗങ്ങള്‍ ഇനി ഉള്ള തലമുറക്കും ഒരു മുതല്‍ക്കൂട്ടു ആയേക്കും।

മാര്‍ഗ്ഗം 1: വല്ലം കൊട്ട
ഈ മാര്‍ഗ്ഗം പരീക്ഷിച്ചപ്പോള്‍ എനിക്കു ഒരു 8 വയസ്സു കാണും। ഒരു ദിവസം രാവിലേ ഞാന്‍ പതിവില്ലാതെ വീട്ടുകാരെ മൊത്തം അത്ഭുതപരതന്ത്രരാക്കിക്കൊണ്ടു കുളിച്ചു മിടുക്കനായി ബാഗ്ഗും എടുത്തു സ്കൂളിലേക്കു യാത്രയായി. ഒരു 11 മണിയോടെ ഞങ്ങളുടെ കൊപ്പ്ര അട്ടിയില്‍ ഇരിക്കുന്ന ഒരു വല്ലം കൊട്ട അനാവശ്യമായി അനങ്ങുന്നതായി പപ്പ കണ്ടു പിടിച്ചു.എലി ആയിരിക്കും എന്നു കരുതി പപ്പ ഒരു വടി ഒക്കെ എടുത്തു സംഹാരരുദ്രനായി വല്ലം കൊട്ട പൊക്കിയപ്പൊള്‍ കണ്ടതു കാലത്തു ആവേശത്തോടെ സ്കൂളില്‍ പോയ എന്നെയാണു. വൈകാതെ തന്നെ പപ്പയും ഞാനും സ്കൂളിലേക്കു യാത്രയായി. ഓപ്പെറേഷന്‍ ഫെയിലിയര്‍ .

അന്ന് വീട്ടില്‍ തേങ്ങാ ഇടുന്ന ദിവസം ആയിരുന്നു എന്നു എനിക്കു അറിയാന്‍ വയ്യായിരുന്നു।അതു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ വല്ലം കൊട്ടയുടെ അടിയില്‍ കയറി ഒളിക്കുമായിരുന്നില്ല. എന്റെ പ്ലാനിങ്ങില്‍ ഞാന്‍ വിട്ടു പോയ ഒരു ചെറിയ കാര്യം.

മാര്‍ഗ്ഗം 2: തേനീച്ച

ഇതു ഞാന്‍ ഒരിക്കലേ പരീക്ഷിച്ചിട്ടുള്ളൂ। സംഭവം വിജയം കണ്ടെങ്കിലും, തേനീച്ചകള്‍ മനസ്സറിഞ്ഞു സഹകരിക്കും എന്നു മനസ്സിലാക്കിയതു കൊണ്ടു പിന്നെ അതു വേണ്ടാ എന്നു വച്ചു. സംഭവം വളരെ നിസ്സാരം. ഒരു ഞായറാഴ്ച്ച രാവിലെ പതിവുപോലെ എന്നെ പള്ളിയില്‍ വിട്ട്‌ ഒരു മഹാ പുണ്ണ്യാളന്‍ ആക്കും എന്നു വീട്ടുകാരും, പള്ളിയില്‍ പോക്കു എന്തു വില കൊടുത്തും ഒഴിവാക്കും എന്നു ഞാനും മനസ്സില്‍ കണക്കു കൂട്ടി ഇരിക്കുകയായിരുന്നു.ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോട്‌ ഒരു മാര്‍ഗ്ഗം കാണിച്ചു തരണേ എന്ന് മനസ്സില്‍ അപേക്ഷിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തലേ ദിവസം കണ്ട ഒരു തേനീച്ച കൂട്‌ മനസ്സിലേക്കു കടന്നു വന്നത്‌. പിന്നെ വൈകിയില്ല നേരെ പൊയി ആ തേനീച്ച കൂട്ടില്‍ കൈ ഇട്ടു. സ്വാഭാവികമായി തേനീച്ച പ്രതികരിച്ചു. അങ്ങിനെ എന്റെ വലതു കയ്യില്‍ നീരുവന്നു.വീട്ടുകാരുടെ മുന്നില്‍ ഞാന്‍ നിറകണ്ണുകള്ളോടെ തേനീച്ചയുടെ പൈശാശികവും നീചവുമായ പ്രവര്‍ത്തിയേ കുറിച്ചു വിശദീകരിച്ചു. പള്ളീല്‍ പോക്കു ഒഴിവായി കിട്ടി എങ്കിലും വേദന കുറച്ചൊന്നുമല്ല അന്നു തിന്നത്‌. തേനീച്ചയും ആയുള്ള ബിസ്സിനസ്സ്‌ ബദ്ധം ഞാന്‍ അന്ന് അവസാനിപ്പിച്ചു.

(തുടരും)

2 comments:

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

മുക്കുവന്‍ said...

തലയിടാഞ്ഞതു ഭാഗ്യം.. :)