Wednesday, August 1, 2007

കണ്ടക്ടര്‍ ചേട്ടന്മാരേ...., താങ്ക്സ്‌

വീട്ടുകാര്‍ വളരെ മോഹങ്ങളോടെ ആണു രണ്ടാമത്തേ ആണ്‍തരിയായ എന്നെ സ്കൂളില്‍ ചേര്‍ത്തത്‌। വീട്ടുകാരുടെ മോഹങ്ങള്‍ ഒക്കെ എനിക്കു അന്ന് എങ്ങി നെ മനസ്സിലാവാന്‍?. എന്തായാലും pilot ആവാന്‍ പറ്റില്ല എന്നു അന്നേ എനിക്കു അറിയാമായിരുന്നു. അതിന്റെ കാരണം ഫ്ലൈറ്റില്‍ കേറി ഞാന്‍ ഒരിക്കല്‍ പേടിച്ചിട്ടുള്ളകൊണ്ടൊന്നുമല്ല, എന്റെ നേര്‍ചേട്ടനെ Pilot ആക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഞാനും ഒരു pilot ആയാല്‍ ഞങ്ങള്‍ രണ്ടു പേരും ഓടിക്കുന്ന വിമാനങ്ങള്‍ എങ്ങാന്‍ പരസ്പ്പരം കൂട്ടി ഇടിച്ചാലൊ? നിലത്തു കൂടെ നടന്നാല്‍ പോലും തമ്മില്‍ കൂട്ടി ഇടിച്ചിരുന്ന ഞങ്ങളെ കുറിച്ചു അങ്ങിനെ ഒരു മുന്‍ കരുതല്‍ എടുത്തതില്‍ വീട്ടുകാരേം തെറ്റു പറയാന്‍ പറ്റില്ല.

അതുകൊണ്ടു എന്നെ വേറെ എന്തെങ്കിലും ആക്കിയേക്കാം എന്നു വച്ചു വീട്ടുകാര്‍।ഞാന്‍ അതു സമ്മതിക്കുകയും ചെയിതു.എന്തായാലും സ്വന്തം ചേട്ടന്‍ അല്ലെ, ഞാന്‍ അവന്റെ ഒരു ആഗ്രഹത്തിനു തടസ്സം നില്‍ക്കരുതല്ലൊ (ഏന്റെ ഒരു വലിയ മനസ്സ്‌). വേറെ എന്തെക്കിലും എന്നു വച്ചാല്‍ വെറും ചെറിയ ജോലികള്‍ ആണെന്നു തെറ്റിദ്ധരിക്കണ്ട, വെറെ ഉണ്ടായിരുന്ന ഒപ്ഷന്‍സ്‌ കളക്ടര്‍, ഡോക്ടര്‍,Engineer, എസൈ എന്നിങ്ങനെ ഉള്ള ചുരുക്കം ചില ഗ്ലാമര്‍ ജോലികള്‍ മാത്രം ആയിരുന്നു.

എന്നിരുന്നാലും എന്റെ മനസ്സിലെ ആത്മാര്‍ത്ധമായ ആഗ്രഹം അദ്യം ഒരു ബസ്സ്‌ കണ്ടക്ടറും പിന്നെ അവിടുന്ന് പ്രമൊഷന്‍ കിട്ടി ഒരു ബസ്സ്‌ ട്രൈവറും ആവണം എന്നായിരുന്നു। ഡ്രൈവര്‍ ആയി കഴിഞ്ഞാല്‍ തൊടുപുഴ കരിമണ്ണൂര്‍ റൂട്ടില്‍ ഓടുന്ന എല്ലാ ബസ്സ്കളേയുംകാള്‍ സ്പീടില്‍ വണ്ടി ഓടിക്കുക. ഇതായിരുന്നു കൊച്ചുകാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം.

അതൊക്കെ അവിടെ നില്‍ക്കട്ടെ। അങ്ങിനെ പടിപ്പിച്ച്‌ വലിയ ആള്‍ ആക്കാനായി എന്നെ സ്കൂളില്‍ ചേര്‍ത്തു.

ഒന്ന് രണ്ട്‌ അങ്ങിനെ ക്ലാസ്സുകള്‍ ഓരോന്നായി ഞാന്‍ ജയിച്ചു കയറി।( ഇടക്കു വച്ചു 5-ല്‍ നിന്നും 6 ലേക്കു ഞാന്‍ ജയിച്ചില്ലാ എന്നു ഒരു ആരോപണം റിസ്സല്‍റ്റു നോക്കാന്‍ പോയ അയല്‍പ്പക്കത്തേ ചില കുട്ടികള്‍ പറഞ്ഞു പരത്തിയിരുന്നു. ജയിക്കാനും തോല്‍ക്കാനും ഉള്ള സാധ്യത തുല്യം ആയിരുന്നതിനാല്‍ ഞാനും അതു വിശ്വസിച്ചു. സ്കൂളില്‍ വരെ പോയി എന്റെ പേരില്ലാത്ത റിസ്സല്‍ട്ട്‌ ബോര്‍ഡ്‌ നേരില്‍ കാണാന്‍ ശക്തി ഇല്ലാതിരുന്നതിനാല്‍ പിന്നെ പപ്പ റിസ്സല്‍ട്ട്‌ നോക്കി വന്നു ഞാന്‍ ജയിച്ചു എന്ന വാര്‍ത്ത പറഞ്ഞപ്പോഴാണു എന്റെ ശ്വാസ്സം നേരേ ആയത്‌. ). എന്നെ വീട്ടില്‍ വിളിക്കുന്നതു പ്രദീപ്‌ എന്നാണു, സ്ക്കൂളിലെ പേരു ജോര്‍ജ്ജ്‌ എന്നും, ഇതായിരുന്നു ഇങ്ങിനെ ഒരു വാര്‍ത്ത പരക്കാനുണ്ടായ മൂലകാരണം. എന്തായാലും അന്നോടെ ഞാന്‍ ഒരു സത്യം മനസ്സിലാക്കി, "ഇത്തവണ മാനം പോയില്ലെങ്കിലും വല്ലപ്പോഴും എങ്കിലും പുസ്തകം തുറന്ന് നോക്കിയില്ലെങ്കില്‍ അടുത്തു തന്നെ പണി കിട്ടും".

അനുഭവം ആണല്ലൊ ഗുരു। അങ്ങിനെ ആറാം ക്ലാസ്സു മുതല്‍ , വല്ലപ്പോഴും പുസ്തകം തുറന്ന് നോക്കുന്ന ഒരു നല്ല ശീലം ഞാന്‍ വളരെ കഷ്ട്പ്പെട്ട്‌ വളര്‍ത്തിയെടുത്തു. ഇപ്പറഞ്ഞത്‌ അന്നു മുതല്‍ ഞാന്‍ ഒരു മഹാന്‍ ആയി, എനിക്കു റാങ്ക്‌ ജസ്റ്റ്‌ മിസ്സ്‌ ആയി എന്നൊന്നും അല്ല കെട്ടൊ. ജയിക്കാനും തോല്‍ക്കാനും തുല്യ സാദ്യത ആയിരുന്നതു മാറി, ജയിക്കാന്‍ കൂടുതല്‍ സാദ്യത ആയി, അത്ര മാത്രം.

അങ്ങിനെ ഞാന്‍ വിജയശ്രീ ലാളിതന്‍ ആയി 9 ല്‍ എത്തിയപ്പോള്‍ ഞങ്ങളുടെ സ്ക്കൂളിലേ കുരുട്ട്‌ ബുദ്ധികള്‍ ആയ ചില അധ്യാപകര്‍ ഒരു പുതിയ കണ്ടുപിടുത്തം നടത്തി, "മിക്സെട്‌ ക്ലാസ്സ്‌ സ്ക്കൂളിന്റെ എസ്‌। എസ്‌.എല്‍ .സി ഫലം നന്നാക്കാന്‍ വളരെ ഉപകരിക്കും", ഇതായിരുന്നു അവരുടെ കണ്ടു പിടുത്തം. ആണ്‍-പെണ്‍ മനശ്ശാസ്സ്ത്രം അന്നേ നന്നായി മനസ്സിലാക്കിയിരുന്ന എന്റെ ഗുരുക്കന്മാരെ സമ്മതിക്കണം. സത്യം പറയാമല്ലൊ നേര്‍ പെങ്ങന്മാരൊ, നേര്‍ പെണ്‍-കസ്സിന്‍സൊ ഇല്ലാതിരുന്നതിനാല്‍ എനിക്കു പെണ്‍പിള്ളാര്‍ എന്ന വര്‍ഗ്ഗത്തെ എന്തൊ ഒരു പേടി ആയിരുന്നു. അങ്ങിനെ ഈ ഊരാക്കുടുക്കില്‍ നിന്നും പണ്ടാരമടങ്ങി ഒന്നു രക്ഷപെടാനായുള്ള ശ്രമത്തിനിടയില്‍ ഞാന്‍ പത്താം ക്ലാസ്സ്‌ വലിയ തെറ്റില്ലാത്ത മാര്‍ക്കോടെ ചാടിക്കിടന്നു.

ഞങ്ങളുടെ നാട്ടിലെ അന്നത്തെ പ്രബലമായ ഒരു വിശ്വാസം പത്താം ക്ലാസ്സ്‌ ജയിച്ചാല്‍ രക്ഷപെട്ടു എന്നായിരുന്നു। അങ്ങിനെ അവസാനം സംഭവ ബഹുലമായ പത്ത്‌ വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിനു ശേഷം ഞാനും "രക്ഷപെട്ടു". പക്ഷെ, കൊച്ചു കാലത്തെ കണ്ടക്ടര്‍ മോഹം അപ്പൊഴും മനസ്സില്‍ കിടപ്പുണ്ടായിരുന്നു.

അങ്ങിനെ നാട്ടിലെ ചുരുക്കം "രക്ഷിക്കപെട്ട" ആളുകളില്‍ ഒരാളായ എന്നെ എന്റെ പപ്പ, തൊടുപുഴ ന്യൂമാന്‍ കോളേജില്‍ PDC 1st Group-നു കൊണ്ടു പോയി ചേര്‍ത്തു।മാനം രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വലിയ തെറ്റില്ലാത്ത മാര്‍ക്ക്‌ കിട്ടിയ കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലൊ. അതുകൊണ്ടു ഫസ്റ്റ്‌ ഗ്രൂപ്പ്‌ കിട്ടാന്‍ വിഷമം ഒന്നും ഉണ്ടായില്ല.

അങ്ങിനെ എന്റെ കളിയരങ്ങ്‌ കരിമണ്ണുരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഉള്ള തൊടുപുഴ എന്ന മഹാനഗരത്തിലേക്കു ഞാന്‍ പറിച്ചു നട്ടു। ഒര്‍മ്മയില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ഒരു മഹാസംഭവം ആയിരുന്നു കോളേജിലേക്കുള്ള ബസ്സ്‌ യാത്രകള്‍.കരിമണ്ണൂരില്‍ നിന്നും തൊടുപുഴയിലേക്കു 30 മിനിട്ട്‌ മാത്രം ഇടവിട്ടുള്ള ബസ്സുകളില്‍, ഒരു ട്രെയിനില്‍ കയറാവുന്നതിലും ആളുകള്‍ ഉണ്ടായിരുന്നു.ആ യാത്രകള്‍ ആണു ഒരു കണക്കില്‍ എന്നെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആക്കിയതെന്നു പറയാം. കാരണം ആ യാത്രകള്‍ ആണു ബസ്സ്‌ കണ്ടക്ടര്‍മാരെ എല്ലാം മനുഷ്യപറ്റില്ലാത്തവര്‍ ആണു എന്ന മഹാസത്യം എനിക്കു മനസിലാക്കി തന്നത്‌. 50 പൈസ ടിക്കറ്റ്‌ കൊടുക്കുന്ന ഞങ്ങളെ അവന്മാര്‍ എന്നും രണ്ടാം കിട പൗരന്മാരായാണു പരിഗണിച്ചു പോന്നിരുന്നത്‌.അങ്ങിനെ കണ്ടക്ടര്‍ ആവുക, പിന്നെ പ്രമോഷന്‍ ആയി ഡ്രൈവര്‍ ആകുക എന്ന എന്റെ കൊച്ചുകാല മോഹം ഞാന്‍ മനസ്സില്‍ നിന്നും അപ്പാടെ മായിച്ചു കളഞ്ഞു.

കരിമണ്ണൂര്‍ - തൊടുപുഴ റൂട്ടില്‍ 1991-1993 കാലയളവില്‍ കണ്ടക്ടര്‍ ജോലി ചെയിതിരുന്ന സ്നേഹമുള്ള ചേട്ടന്മാരെ, താങ്ക്സ്‌ :).

1 comment:

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു